ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ നാല് താലൂക്കുകളിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നാല്പത്തി ഒൻപതു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എഴുനൂറ്റി ഒൻപതു രൂപയുടെ ഭരണാനുമതി ലഭിച്ചു. കൂടാതെ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം
കുറിക്കുകയും ചെയ്തു എന്ന് എം പി അറിയിച്ചു.
എന്നാൽ ഇതിൽ ചില ഉദ്യോഗസ്ഥർ വരുത്തിയ കാലതാമസം ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങാൻ മാർച്ച് 24 നാണ് കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ചത്. അതെ ദിവസം തന്നെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട്, കാട്ടാക്കട എന്നീ നാലു താലൂക്കുകളിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് 12.50 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ കോവിഡ് 19 പ്രതിരോധ പ്രവത്തനങ്ങൾക്കു വേണ്ടി ചിലവാക്കാൻ ജില്ലാ കളക്ടർക്ക് വിശദമായ കത്ത് നൽകുകയുണ്ടായി. ഇതു കൂടാതെ പ്രവർത്തികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ മെഡിക്കൽ ഓഫീസറോട് മണ്ഡലത്തിലെ നാല് താലൂക്ക്കളിലുള്ള വിവിധ ആശുപത്രികളിലെ ആവശ്യകത മനസ്സിലാക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും എത്രയും വേഗത്തിൽ പദ്ധതി നടപ്പിലാക്കുവാനും നിർദ്ദേശം നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ഫണ്ട് ഉപയോഗിച്ച് കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതായി മനസ്സിലായതോടെ എത്രയും പെട്ടെന്ന് ഫണ്ട് വിനിയോഗിച്ചു പ്രവർത്തനങ്ങൾ നടപ്പിലാക്കണം എന്ന് ആവശ്യപെട്ടുകൊണ്ടു വീണ്ടും 9/4/2020 ന് ജില്ലാ കളക്ടർക്ക് ഇ മെയിൽ മുഖാന്തിരവും കത്ത് മുഖാന്തിരവും ആവശ്യപ്പെടുകയുണ്ടായി. ഈ കത്ത് നൽകിയതിന് ശേഷമാണ് ജില്ലാ മെഡിക്കൽ ഓഫീസർ വിവിധ ആശുപത്രികളിൽ ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക ജില്ലാ കളക്ടർക്ക് നൽകിയത് തുടർന്ന്, ജില്ലാ കളക്ടർ 23/4/2020 ന് 49,98,709/- രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തു.
