കോട്ടയം :2018 മാർച്ച് 22 നാണ് ജസ്‌നയെ കാണാതാവുന്നത്. എരുമേലി മുക്കൂട്ടുതറ കൊല്ലമുള കുന്നത് വീട്ടിൽ ജെയിംസിന്റെ മകളാണ് ജസ്‌ന മരിയ ജെയിംസ്. ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായ ജസ്‌നയെ പറ്റിയുള്ള വാർത്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോക്കൽ പോലീസിൽ തുടങ്ങി ഐ ജി തലം വരെ അന്വേഷണം നടന്നെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബെംഗളൂർ, ചെന്നൈ, പൂനെ, ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് അയൽവാസിയുടെ ഓട്ടോയിൽ പോയതായിരുന്നു ജസ്‌ന. തുടർന്ന് മുക്കൂട്ടുതറ ജംഗ്ഷനിൽ ഓട്ടോ ഇറങ്ങി. അവിടെ നിന്ന് മുണ്ടക്കയം വഴി എരുമേലിവരെ ജസ്‌ന ബസിൽ യാത്ര ചെയ്തതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി. പിന്നീട് ജസ്‌ന എവിടേക്ക് പോയി എന്ന് ഒരു വിവരവും ഉണ്ടായില്ല. ജസ്‌ന മൊബൈൽ ഫോൺ എടുക്കാതിരുന്നത് അന്വേഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി. ജസ്‌നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തിട്ടും ഒരു വിവരവും ലഭിച്ചില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട വന മേഖലകളിലും അന്വേഷണം നടത്തി. ഒരു സൂചനയും ലഭിച്ചില്ല. ജസ്നയുടെ ബന്ധു നിർമിച്ച കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പരിശോധിച്ചു. ഇതിനിടെ കാഞ്ചിപുരത്ത് കത്തിക്കരിഞ്ഞ ഒരു യുവതിയുടെ മൃതദേഹം ജസ്‌നയുടെതാണെങ്കി ലോ എന്ന് സംശയിച്ച് അവിടെയും അന്വേഷണം നടത്തി. എന്നാൽ ആ ജഡം ജസ്‌നയുടേത് ആയിരുന്നില്ല.
ജസ്‌നയെ കേരളത്തിന് പുറത്ത് കണ്ടതായി അഭ്യൂഹങ്ങൾ വരുകയാണിപ്പോൾ. കേരളത്തിന് പുറത്ത് എവിടെ എന്നതിൽ വ്യക്തത വന്നിട്ടില്ല. ജസ്‌നയെ കണ്ടതായി വരുന്ന അഭ്യൂഹങ്ങൾ ഏറെ പ്രതീക്ഷ നൽകുകയാണ്. ജസ്‌നയെ എത്രയും വേഗം നാട്ടിലെത്തിക്കും എന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജസ്‌നയെ കണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ല എന്ന് ക്രൈംബ്രാഞ്ചിലെ ഉന്നതഉദ്യോഗസ്ഥൻ പറഞ്ഞു.
