Friday, May 8, 2020

ലോക്ക്ഡൗണിനു ശേഷം ഫാക്ടറികൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണം -ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്

ലോക്ക്ഡൗണിനു ശേഷം ഫാക്ടറികൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണം -ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്


പത്തനംതിട്ട : വിശാഖപട്ടണത്തിലെ വാതക ചോർച്ചയെ  തുടർന്ന് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത്  അടച്ചിട്ട രാസവസ്തു  ഫാക്ടറികളും മറ്റു വ്യവസായശാലകളും തുറക്കുമ്പോൾ വേണ്ട ജാഗ്രത പാലിക്കണമെന്ന് ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നിർദ്ദേശിച്ചു. ഐസ് പ്ലാന്റ്കൾ അതേപോലെ ലാറ്റക്സ് ഫാക്ടറികൾ എന്നിവ തുറക്കുമ്പോൾ അമോണിയ പോലുള്ള വാതകങ്ങളുടെ ചോർച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം എന്നും നിർദ്ദേശം.

പാലിക്കേണ്ട നിർദ്ദേശങ്ങൾ

ഫാക്ടറികളിൽ വെന്റിലേഷൻ സൗകര്യം ഒരുക്കണം. സുരക്ഷഓഫീസറിന്റെയും ഉന്നതഉദ്യോഗസ്ഥരുടെയും നിർദ്ദേശം പാലിച്ച് അവരുടെ നേതൃത്വത്തിൽ വേണം ഇതു നടപ്പാക്കാൻ.

അടച്ചിടൽകാരണം ഏതെങ്കിലും വിഷവാതകങ്ങൾ മൂലം  അപകടം ഉണ്ടാകാൻ  സാധ്യതയുണ്ടോ എന്ന് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വ്യത്തിയാക്കാൻ പ്രവേശിക്കുമ്പോൾ സുരക്ഷ സ്യൂട്ട് ധരിച്ചിരിക്കണം. ഏതു അപകടം വന്നാലും നേരിടാൻ സജ്ജമായിരിക്കണം. അതിനു വേണ്ട സുരക്ഷചട്ടങ്ങളും മറ്റും തയ്യാറാക്കണം.

രാസവസ്തു സംഭരണ ടാങ്കുകളിൽ മർദം ഇല്ലെന്ന് ഉറപ്പാക്കണം. ലെവൽ ഗേജ്, പ്രഷർ ഗേജ്, സംഭരണികൾ, പൈപ്പ് ലൈൻ, ഭൂഗർഭ ടാങ്കുകൾ, സുരക്ഷ വാൽവുകൾ, മർദ്ദം പുറത്തേക്ക് വിടുന്ന കുഴലുകൾ എന്നിവ പരിശോധിച്ചു കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. രാസവസ്തു അല്ലെങ്കിൽ രാസവാതകം കടന്നു പോകുന്നു കുഴലുകളിൽ രാസ അവശിഷ്ടങ്ങൾ കുടുങ്ങിയിട്ടില്ലെന്നും ചോർച്ച ഇല്ലെന്നും ഉറപ്പാക്കണം. യന്ത്രഭാഗങ്ങളുടെ ക്ഷമത പരിശോധിക്കണം. തകരാറുകൾ ശ്രദ്ധയിൽ പെട്ടാൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുത്.
ഭാരം എടുക്കുന്ന ഉപകരണങ്ങളും വടങ്ങളും പൊട്ടില്ല എന്ന് ഉറപ്പ് വരുത്തണം.

വിഷവാതക മുന്നറിയിപ്പ് നൽകുന്ന സെൻസറുകൾ പ്രവർത്തിക്കുന്നുണ്ടോന്ന് ഉറപ്പാക്കണം.

വൈദ്യുത ലൈനിൽ സർക്യൂട് ബ്രേക്കറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പെർമിറ്റ് ചട്ടങ്ങൾ പാലിച്ചിരിക്കണം.
Disqus Comments