Saturday, May 2, 2020

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ തിരികെ നാട്ടിലേക്ക്

Kerala

തിരുവനന്തപുരം : കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ ഇന്നലെ ഒഡീസയിലേക്ക് പുറപ്പെട്ടു. ഇന്നും വിവിധ ജില്ലകളിൽ നിന്നും ട്രെയിനുകൾ അതിഥി തൊഴിലാളികളുമായി ജാർഖണ്ഡ്, ബീഹാർ, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർക്കുള്ള ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും സംസ്ഥാന സർക്കാർ വഹിക്കും. നിലവിൽ ആരോഗ്യ പ്രശ്നം ഇല്ലാത്തവരെ മാത്രമാണ് യാത്ര ചെയ്യുവാൻ അനുവദിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സേവനവും ട്രെയിനിൽ ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ നിന്നും മറ്റും ശാരീരിക അകലം പാലിച്ചു റെയിൽവെ സ്റ്റേഷനുകളിൽ എത്തിക്കുവാൻ കെഎസ്ആർടിസിയുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.



തൊഴിലാളികള്‍ക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് നേരത്തെ സംസ്ഥാനം പ്രധാനമന്ത്രിയോട്  അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യ ഉത്തരവ് വന്നപ്പോള്‍ ബസ് മാര്‍ഗം തൊഴിലാളികളെ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ വീണ്ടും ഇടപെട്ടു, തുടർന്ന്  സ്പെഷ്യല്‍ ട്രെയിന്‍ തന്നെ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി.


തൊഴിലാളികള്‍ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഒസി കൂടി ലഭിച്ചാലേ ഇവിടെനിന്ന് ട്രെയിന്‍ പുറപ്പെടാന്‍ പറ്റൂ എന്നതിനാൽ, ചില സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഒസി കിട്ടാന്‍ താമസിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട് എന്നും  മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി തലത്തിൽ ഈ പ്രശ്നം പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. 
Disqus Comments