Thursday, October 15, 2020

മ്യാന്‍മാറിന് ഇന്ത്യ മുങ്ങിക്കപ്പൽ നൽകും, മ്യാൻമറുമായി നാവിക ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യ


ന്യൂഡൽഹി: ഇന്ത്യൻ സമുദ്രമേഖലയിൽ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കു തടയിടുന്നതിനായി മ്യാൻമറുമായി നാവിക ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മ്യാൻമറിന് ഇന്ത്യ മുങ്ങിക്കപ്പൽ കൈമാറും. ഇന്ത്യയുടെ ഐഎൻഎസ് സിന്ധുവീർ എന്ന കപ്പലാണ് മ്യാൻമാറിന് നൽകുന്നത്. മ്യാൻമാർ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലാകും ഐഎൻഎസ് സിന്ധുവീർ എന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഐഎൻഎസ് സിന്ധുവീർ കൈമാറുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതിനൊപ്പം പ്രതിരോധം, വ്യാപാരം, വികസന പദ്ധതികൾ, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഇതിനോടകം തന്നെ സഹകരണം ശക്തമാക്കിയിട്ടുണ്ട്.


മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചിയുമായി കരസേനാമേധാവി എം.എം. നരവനെ, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ള, ഇന്ത്യൻ സ്ഥാനപതി സൗരഭ് കുമാർ എന്നിവർ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുങ്ങിക്കപ്പൽ കൈമാറാനുള്ള നടപടികൾ ആരംഭിച്ചത്. പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ധാരണ ആയിരുന്നു. തോക്കുകൾ, ടാങ്കുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ തുടങ്ങിയവ മ്യാൻമാർ സൈന്യത്തിന് നൽകും.  ഇന്ത്യൻ സമുദ്രമേഖലയിലെ ചൈനയുടെ ഇടപെടൽ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെ തടയാനായാണ് ഇത്തരമൊരു നീക്കം. 

Disqus Comments