തിരുവനന്തപുരം : പാലത്തായി കേസിൽ പോലിസ് കളിച്ചത് നാണം കെട്ട നാടകം ആണെന്ന് രമേശ് ചെന്നിത്തല. POCSO ചുമത്താതെ പോലീസ് സമർപ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജൻ ജാമ്യത്തിലിറങ്ങി എന്നും, രണ്ടുമാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
തെളിവുകളും മൊഴികളും രേഖപെടുത്താത്തത്തിലൂടെ മറ്റൊരു വാളയാർ ദുരന്തത്തിന് വഴിയൊരുക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ
കേരളത്തെ ഞെട്ടിച്ച പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത് നാണം കെട്ട നാടകം. POCSO ചുമത്താതെ പോലീസ് സമർപ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജൻ ജാമ്യത്തിലിറങ്ങി. രണ്ടുമാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറി എന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടില്ല. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നീതിനിഷേധം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കാണും എന്നൊക്കയാണ് ഉത്തരവാദപ്പെട്ട മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതു.ഇതിനു പുറമെ POCSO ചുമത്താതിരിക്കുന്നതിനു ന്യായീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്റെ ഒരു ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. BJP നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമല്ല ന്യായീകരിക്കാനും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്‌ഥർക്ക് അവസരം കൊടുക്കുന്നു. CPM-BJP അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ കേസ്.
തെളിവുകളും മൊഴികളും രേഖപെടുത്താത്തത് വഴി മറ്റൊരു വാളയാർ ദുരന്തത്തിന് ഒന്നിച്ച് വഴിയൊരുക്കുകയാണിവർ. പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കാൻ കേരളം ഒറ്റകെട്ടായി മുന്നോട്ട് പോകും.
(Palathayi case)
