തിരുവനന്തപുരം : 2019-ലെ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട പട്ടികജാതി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി കോളനിയില്‍ പൂര്‍ത്തിയാക്കിയ 37 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് വിലകൊടുത്തു വാങ്ങിയ 2.13 ഹെക്ടര്‍ ഭൂമിയില്‍ ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചാണ് വിടുകള്‍ പൂര്‍ത്തിയാക്കിയത്. പട്ടികവര്‍ഗക്കാര്‍ക്കുള്ള പാര്‍പ്പിട പദ്ധതി മാതൃകാപരമായി നടപ്പാക്കിയ പട്ടികവര്‍ഗ വികസന വകുപ്പിനെയും അതിന് പിന്തുണ നല്‍കിയ ഫെഡറല്‍ ബാങ്കിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടവും ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനവും സര്‍ക്കാര്‍ ഒന്നിച്ച് നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്‍റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടച്ചിട്ട് നിഷ്ക്രിയമായി ഇരിക്കുകയല്ല, ക്ഷേമവും വികസനവും ഈ പ്രതിരോധത്തിനിടയിലും മുന്നോട്ടുകൊണ്ടുപോകുന്നു. മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകകള്‍ ഇതിനിടയില്‍ നമുക്ക് കാണാന്‍ കഴിയും. ജീവന്‍ പണയംവെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത്. ഈ അര്‍പ്പണ ബോധമാണ് അതിജീവിക്കാന്‍ നമുക്ക് കരുത്തു പകരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തികഞ്ഞ ജാഗ്രതയോടെയാണ് നാടെന്നാകെ മഹാമാരിയെ നേരിടുന്നത്. എന്നാല്‍ നമ്മുടെ ജാഗ്രതയില്‍ കുറവു വരുത്താന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്ന ദുഷ്ടശക്തികളുണ്ട്. ജനങ്ങളുടെ ജീവിതത്തിനാണ് അവര്‍ ഭീഷണിയുയര്‍ത്തുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് മനുഷ്യജീവന്‍ രക്ഷിക്കുന്നതിലും പ്രധാനമായി ഒന്നുമില്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു പ്രതിസന്ധിയും തടസ്സമായിക്കൂട എന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് പ്രളയ പുനര്‍നിര്‍മാണവും പുനരധിവാസനും ആദിവാസി ക്ഷേമവും പാവപ്പെട്ടവരുടെ ക്ഷേമത്തിനുള്ള നടപടികളും മുടക്കമില്ലാതെ പോകുന്നത്.
പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിയും വീടുമാണ് പട്ടികവര്‍ഗ്ഗക്കാരുടെ മുഖ്യ പ്രശ്നങ്ങള്‍. ശാസ്ത്രീയ സമീപനങ്ങളിലൂടെ രണ്ടും പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി എ.കെ. ബാലന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി.വി. അന്‍വര്‍ എം.എല്‍.എ, പി.വി. അബ്ദുള്‍ വഹാബ് എം.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
